ദേശീയ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം മികവുറ്റതാക്കാന്‍ കാനഡയില്‍ കൂടുതല്‍ അന്താരാഷ്ട്ര ഡോക്ടര്‍മാരെ നിയമിക്കണം

By: 600002 On: Feb 6, 2024, 12:26 PM

 


ദേശീയ ആരോഗ്യ പരിപാലന സംവിധാനം പ്രതിസന്ധി നേരിടുന്ന കാനഡയില്‍ കുടിയേറ്റത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര ഡോക്ടര്‍മാരെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഫാമിലി ഡോക്ടര്‍മാരെ ലഭ്യമല്ലാത്ത സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 6.5 മില്യണ്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഫാമിലി ഡോക്ടറെ സ്ഥിരമായി ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം മതിയായ ഡോക്ടര്‍മാരില്ലാത്തത് ആരോഗ്യ മേഖല പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം വര്‍ധിപ്പിക്കാന്‍ രാജ്യം ശ്രമിക്കുന്നത്. 

യോഗ്യതയുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം വര്‍ധിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍ സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. കാനഡയിലെ ഹെല്‍ത്ത് കെയര്‍ സെക്ടറിലെ ഓരോ നാല് ജീവനക്കാരില്‍ ഒരാള്‍ കുടിയേറ്റക്കാരനായിരിക്കണമെന്ന് 2022 ലെ സര്‍ക്കാര്‍ ഡാറ്റയില്‍ പറയുന്നു.  

ഇതൊക്കെയാണെങ്കിലും അന്താരാഷ്ട്ര ഡോക്ടര്‍മാര്‍ക്ക് കാനഡയില്‍ തുടരുന്നത് ബുദ്ധിമുട്ടിലാക്കുന്ന നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാനഡയില്‍ മെഡിക്കല്‍ റെസിഡന്‍സി ലഭിക്കാന്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഗ്രാജ്വേറ്റുകള്‍ക്ക് ബുദ്ധിമുട്ടാണ്. കൂടാതെ കാനഡയില്‍ മെഡിക്കല്‍ പ്രാക്ടീസ് പിന്തുടരാന്‍ അന്താരാഷ്ട്ര ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. കാനഡയിലെ റെസിഡന്‍സി സിസ്റ്റത്തില്‍ സ്വന്തം ബിരുദധാരികള്‍ക്കാണ് കൂടുതലും പിന്തുണ നല്‍കുന്നത്. ഈ സമീപനം മാറണം. കൂടുതല്‍ അന്താരാഷ്ട്ര ഡോക്ടര്‍മാരെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.