കാല്‍ഗറി വിമാനത്താവളം റണ്‍വേ പുനര്‍നിര്‍മിക്കുന്നു: ചെലവ് 200 മില്യണ്‍ ഡോളര്‍ 

By: 600002 On: Feb 6, 2024, 10:06 AM

 

കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച റണ്‍വേയില്‍ ഘടനാപരമായ രൂപമാറ്റം വരുത്തുന്നു. 2021 ഓഗസ്റ്റിലാണ് പ്രോജക്ട് ആദ്യം പ്രഖ്യാപിച്ചത്. 200 മില്യണ്‍ ഡോളര്‍ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ഫെഡറല്‍ എയര്‍പോര്‍ട്ട് ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ നിന്ന് 57.5 മില്യണ്‍ ഡോളറാണ് പ്രോജക്ടിന് ലഭിക്കുക. 

റണ്‍വേ നിര്‍മാണവുമായി ബന്ധപ്പെട്ട് 300 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇത് കാല്‍ഗറിയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റി(സിഎഎ) പറയുന്നു. വെസ്റ്റ് റണ്‍വേ റീഹാബിലിറ്റേഷന്‍ പ്രോജക്ട് കാല്‍ഗറി വിമാനത്താവളത്തിന്റെ പ്രധാന പദ്ധതിയാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സിഒഒ ക്രിസ് മെല്‍സ് പ്രസ്താവനയില്‍ പറഞ്ഞു. 

പ്രോജക്ടില്‍ വെസ്റ്റ് റണ്‍വേ നീക്കം ചെയ്യുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഫുള്‍-ഡെപ്ത് സ്ട്രക്ചറല്‍, ഇലക്ട്രിക്കല്‍ റീഹാബിലിറ്റേഷന്‍ വര്‍ക്കുകളും ഉള്‍പ്പെടുന്നു. ഇതോടൊപ്പം റണ്‍വേ എണ്‍വയോണ്‍മെന്റ്, അപ്രോച്ചുകള്‍, ലൈറ്റിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടെ നവീകരിക്കുമെന്നും സിഎഎ അറിയിച്ചു. എഡ്മന്റണ്‍ ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി പിസിഎല്‍ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.