ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ മാറ്റിവെച്ചു 

By: 600002 On: Feb 6, 2024, 9:12 AM

 

 


ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ സംബന്ധിച്ച് ചാള്‍സ് രാജാവ് പൊതുപരുപാടികള്‍ മാറ്റിവെക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. 

ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലെക്ക് തിരിച്ചുവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഊഹാപോഹങ്ങള്‍ ഇല്ലാതാക്കുന്നതിനും കാന്‍സര്‍ സെബന്ധിച്ച് അവബോധം പകരുന്നതിനുമാണ് രോഗസ്ഥിരീകരണം പങ്കുവെയ്ക്കാന്‍ ചാള്‍സ് രാജാവ് തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്തുതരം കാന്‍സറാണ് ചാള്‍സ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തില്‍ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. 

പ്രോസ്‌റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചാള്‍സ് രാജാവ് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പൊതുപരിപാടികള്‍ മാറ്റിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പര്‍ വര്‍ക്കുകള്‍ തുടരുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പങ്കുവെക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.