വിവാദ പ്രസ്താവന:  ബീസി പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇസ്ലാമിക് അസോസിയേഷനുകള്‍ 

By: 600002 On: Feb 5, 2024, 2:16 PM

 

 

ബ്രിട്ടീഷ് കൊളംബിയ പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ സെലീന റോബിന്‍സണിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ബീസിയിലെ മോസ്‌ക്കുകളിലെയും ഇസ്ലാമിക് അസോസിയേഷനുകളിലെയും പ്രതിനിധികള്‍ പ്രീമിയര്‍ ഡേവിഡ് എബിക്ക് കത്തയച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റോബിന്‍സണ്‍ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഇസ്ലാമിക് സംഘടനകള്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഇസ്രയേല്‍ സ്ഥാപിതമായത്  പ്രയോജനശൂന്യമായ, അയോഗ്യമായ ഭൂമിയിലാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളും രാജി ആഹ്വാനങ്ങളും മന്ത്രി നേരിടുകയാണ്. സെലീന റോബിന്‍സണിനെതിരെ പ്രീമിയര്‍ നടപടിയെടുക്കുന്നത് വരെ എന്‍ഡിപി എംഎല്‍എയെയോ അടുത്ത തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെയോ തങ്ങളുടെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് സംഘടനകളും ഇസ്ലാം മത വിശ്വാസികളും പറഞ്ഞു. 

തന്റെ അഭിപ്രായങ്ങള്‍ അനാദരവ് ആയിപ്പോയെന്നറിയിച്ച് റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി. പരിമിതമായ പ്രകൃതിവിഭവങ്ങളുള്ള ഭൂമിയെ പരാമര്‍ശിക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 

റോബിന്‍സന്റെ അഭിപ്രായങ്ങള്‍ തെറ്റാണെന്നും വേദനാജനകമാണെന്നും പ്രവിശ്യയില്‍ കമ്മ്യൂണിറ്റികള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുകയും ചെയ്യുന്നതാണെന്നും ഡേവിഡ് എബി പറഞ്ഞു. എന്നാല്‍ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല.