മദ്യപാനം ഉപേക്ഷിക്കൂ, കാന്‍സറിനെ അകറ്റൂ: ഡ്രൈ ഫെബ്രുവരി പ്രോഗ്രാമുമായി കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി 

By: 600002 On: Feb 5, 2024, 11:00 AM

 


ഡ്രൈ ഫെബ്രുവരിയുടെ ഭാഗമായി 14,000 ത്തോളം കനേഡിയന്‍ പൗരന്മാര്‍ മദ്യപാനം ഉപേക്ഷിക്കുമെന്നും മദ്യ വിമുക്ത ജീവിതം നയിക്കുമെന്നും കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി. മദ്യ ഉപഭോഗത്തില്‍ നിന്നും വിമുക്തരാകുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഡ്രൈ ഫെബ്രുവരി. 

മദ്യപാനം കഴുത്ത്, സ്തനം, ആമാശയം, പാന്‍ക്രിയാറ്റിക്, വന്‍കുടല്‍, കരള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വ്യത്യസ്ത അര്‍ബുദങ്ങളിലേതെങ്കിലും ബാധിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സൊസൈറ്റിയുടെ പ്രോഗ്രാം ഡയറക്ടര്‍ സൂസന്‍ ഫ്‌ളിന്‍ പറയുന്നു. ശുപാര്‍ശ ചെയ്യുന്ന അളവില്‍ മദ്യം പരിമിതപ്പെടുത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും ഫ്‌ളിന്‍ കൂട്ടിച്ചേര്‍ത്തു. വൈന്‍, ബിയര്‍, സ്പിരിറ്റ് എന്നിവയെല്ലാം ഒരേ ഫലമുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

രാജ്യവ്യാപകമായി നടത്തുന്ന പരിപാടി ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. താല്‍പ്പര്യമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഫ്‌ളിന്‍ അറിയിച്ചു. 

dry feb.ca എന്ന ലിങ്ക് വഴി പരിപാടിയില്‍ പങ്കെടുക്കാം. ഡ്രൈ ഫെബിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.