ലോകത്ത് അഞ്ചില്‍ ഒരാള്‍ക്ക് അര്‍ബുദ ബാധ: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന 

By: 600002 On: Feb 5, 2024, 9:54 AM

 

 


ഫെബ്രുവരി നാല് കാന്‍സര്‍ ദിനമായി ആചരിക്കുമ്പോള്‍ ലോകജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്ത് അഞ്ചില്‍ ഒരാള്‍ക്ക് ഒരു ഘട്ടത്തില്‍ കാന്‍സര്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2050 ആകുമ്പോഴേക്കും അര്‍ബുദ രോഗികളുടെ എണ്ണം 77 ശതമാനം വര്‍ധിക്കും. പ്രതിവര്‍ഷം 35 മില്യണിലധികം കാന്‍സര്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്. പുകയില ഉപയോഗം, മദ്യപാനം, പൊണ്ണത്തടി, വായു മലിനീകരണം തുടങ്ങി പാരിസ്ഥിതികവും ജീവിതശൈലികളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ലോകാരോഗ്യ സംഘടന 115 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ഫലങ്ങളും പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി കാന്‍സറിനും പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ക്കും വേണ്ടത്ര ധനസഹായം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളില്‍ 39 ശതമാനം മാത്രമാണ് എല്ലാ പൗരന്മാര്‍ക്കും അവരുടെ ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജുകളുടെ ഭാഗമായി ബേസിക് കാന്‍സര്‍ മാനേജ്‌മെന്റ് പരിരക്ഷ നല്‍കുന്നത്.