ഗ്വാള്‍ഫിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നും മലിനമായ ഗ്യാസ് നിറച്ച വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായി പരാതി 

By: 600002 On: Feb 3, 2024, 8:27 AM

 

 

ഒന്റാരിയോയില്‍ ഗ്വള്‍ഫിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നും ഗ്യാസ് നിറച്ച വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കെ നിന്നു പോകുന്നതായി പരാതി. ഗ്യാസ് സ്റ്റേഷനില്‍ നിന്നും നിറച്ച ഗ്യാസ് നല്ലതായിരുന്നില്ല എന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. കേടുപാട് സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വലിയ തുകയാണ് ചെലവാകുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ചിലര്‍ക്ക് 1200 ഡോളര്‍ വരെ ചെലവായതായി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൂള്‍വിച്ച് സ്ട്രീറ്റിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ നിന്നും ഡസന്‍ കണക്കിന് ആളുകളാണ് വാഹനങ്ങളില്‍ ഗ്യാസ് നിറച്ചത്. ഗ്യാസ് നിറച്ച വാഹനങ്ങള്‍ക്കെല്ലാം കേടുപാട് സംഭവിച്ചു. പല കാറുകള്‍ക്കും സമാനമായ പ്രശ്‌നങ്ങളുണ്ടെന്ന് പ്രാദേശിക ഓട്ടോ ഷോപ്പ് മാധ്യമങ്ങളോട് പറഞ്ഞു. 

മലിനമായ ഇന്ധനം കംപഷന്‍ എഞ്ചിനിലെത്തുമ്പോഴാണ് വാഹനങ്ങള്‍ നിന്നു പോകുന്നതും കേടുപാട് സംഭവിക്കുന്നതും. ഗ്യാസ് സ്റ്റേഷനില്‍ നിന്നും ഇന്ധനം നിറച്ച പലരും തങ്ങളുടെ വാഹനം പെട്ടെന്ന് നിന്നുപോയതായി പങ്കുവെച്ചു. കേടുപാട് സംഭവിച്ച ഒരു വാഹനത്തിന്റെ ഉടമ വാഹനത്തില്‍ നിറച്ച ഇന്ധനത്തിന്റെയും ക്ലീനായിട്ടുള്ള ഇന്ധനത്തിന്റെയും ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രത്തില്‍ നിന്നു തന്നെ ഇന്ധനങ്ങള്‍ തമ്മിലുള്ള വ്യത്യാസം നന്നായി തിരിച്ചറിയാം. 

ഇന്ധനം മലിനാക്കപ്പെടാന്‍ കാരണമെന്താണെന്നോ എന്ത് ഉപയോഗിച്ചാണ് മലിനമായതെന്നോ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വൂള്‍വിച്ച് സ്ട്രീറ്റിലെ ഗ്യാസ് സ്റ്റേഷനുകളില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. പരാതി ഉയര്‍ന്നതോടെ ഗ്യാസ് സ്‌റ്റേഷന്‍ ബുധനാഴ്ച അടച്ചുപൂട്ടി.