സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനയ്ക്ക് ഒരുങ്ങി വിവരാവകാശ കമ്മീഷൻ

By: 600021 On: Feb 3, 2024, 5:41 AM

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും വിവരാവകാശ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും.വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാനാണ് പരിശോധന. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വിവരാവകാശ കമ്മീഷന്‍റെ നീക്കം. സര്‍ക്കാരിന്‍റെ പല വെബ്‍സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുൽ ഹക്കീം പറഞ്ഞു. കളക്ടറേറ്റുകളിൽ ആയിരിക്കും ആദ്യ പരിശോധന. കൃത്യമായ മറുപടികൾ ലഭിക്കാത്തത് കൊണ്ടും മറുപടി വൈകുന്നത് മൂലവും വിവരാവകാശ അപേക്ഷയിൽ അപ്പീലുകളുടെ എണ്ണം കൂടുന്നുണ്ടെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. വിവര ശേഖരണത്തിന്‍റെ ആദ്യ ഘട്ടം അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും 30 ദിവസത്തിനകം മറുപടി നൽകിയാൽ മതിയെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥർ തിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  തെറ്റിദ്ധരിപ്പിന്നതോ  അപൂർ‍ണമായതോ ആയ വിവരങ്ങൾ  നൽകിയാൽ  ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.