ആല്‍ബെര്‍ട്ടയില്‍ സ്‌കൂളിലെ ലിംഗമാറ്റം, പേര്മാറ്റം എന്നിവയ്ക്ക് രക്ഷാകര്‍തൃ സമ്മതം നിര്‍ബന്ധമാക്കുന്നു 

By: 600002 On: Feb 2, 2024, 2:10 PM

 

 

സ്‌കൂളുകളില്‍ പേരുകളോ ലിംഗമോ മാറ്റാന്‍ ആഗ്രഹിക്കുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷാകര്‍തൃ സമ്മതം ആവശ്യപ്പെടുന്നത് ഉള്‍പ്പെടെ ആല്‍ബെര്‍ട്ടയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ ബാധിക്കുന്ന നയങ്ങള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. 16, 17 വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്മതം ആവശ്യമില്ല. എന്നാല്‍ അവരുടെ മാതാപിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിക്കണമെന്ന് സ്മിത്ത് പറഞ്ഞു. 

പതിനഞ്ച് വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ (ഇതിനകം ആരംഭിച്ചിട്ടുള്ളവര്‍ക്ക് ഒഴികെ) എന്നിവയ്ക്ക് പ്രവിശ്യയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്മിത്ത് പ്രഖ്യാപിച്ചു. 

ഇത്തരം ശസ്ത്രക്രിയകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. കൗമാരക്കാര്‍ക്ക് അവരുടെ മാതാപിതാക്കളുടെയും ഫിസിഷ്യന്റെയും സൈക്കോളജിസ്റ്റിന്റെയും അനുമതിയോടെ ഹോര്‍മോണ്‍ തെറാപ്പി തുടരാമെന്നും സ്മിത്ത് വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസത്തിലേക്ക് മാതാപിതാക്കള്‍ മക്കളെ തെരഞ്ഞെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും സ്മിത്ത് ഓര്‍മ്മപ്പെടുത്തി.