ഓരോ ഒന്‍പത് മിനിറ്റിലും കനേഡിയന്‍ പൗരന്മാരില്‍ ഒരാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Feb 2, 2024, 12:09 PM

 

 


കാനഡയില്‍ ഓരോ വര്‍ഷവും ആശുപത്രിക്ക് പുറത്ത് 60,000 പേര്‍ക്കെങ്കിലും ഹൃദയസ്തംഭനം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 10 ശതമാനം ആളുകള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ സാധിക്കുന്നുള്ളൂവെന്നും ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്റെ 'എവരി സെക്കന്‍ഡ് കൗണ്ട്‌സ്' റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ ഹൃദയസ്തംഭനത്തെക്കുറിച്ച് കൂടുതല്‍ അവബോധവും വിദ്യാഭ്യാസവും കൂടുതല്‍ പ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നു. 

കാനഡയില്‍ ഓരോ ഒന്‍പത് മിനിറ്റിലും 60,000 പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിരിക്കുന്നത്. ഹൃദയസ്തംഭനം എന്താണെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അതിലും പ്രധാനമായി ഹൃദയസ്തംഭനം ഉണ്ടായാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നത് അറിയുക എന്നതാണ്. 

ഒരാള്‍ക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുമ്പോള്‍ നാല് ശതമാനം കനേഡിയന്‍ പൗരന്മാര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നു. മസ്തിഷ്‌ക ക്ഷതം സംഭവിക്കുകയും ചെയ്യും. 

കാനഡയില്‍ 65 വയസ്സിന് താഴെയുള്ളവരിലാണ് ഭൂരിഭാഗവും ഹൃദയസ്തംഭനമുണ്ടാകുന്നത്. എന്നാല്‍ പ്രായമാവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാരിലും ഹൃദയസ്തംഭനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

ഹൃദയാഘാതത്തിന് സമാനമല്ല ഹൃദയസ്തംഭനമെന്ന് മനസ്സിലാക്കണം. ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയസ്തംഭനമുണ്ടായ ഒരാളെ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ക്ക് സിപിആര്‍ നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിഫിബ്രിലേറ്റര്‍(AED)  നല്‍കുകയോ ചെയ്യുക എന്നതാണ്. പെട്ടെന്ന് നല്‍കുന്ന സിപിആര്‍ തലച്ചോറിനെയും മറ്റ് സുപ്രധാന അവയവങ്ങളെയും സജീവമായി നിലനിര്‍ത്താന്‍ രക്തം പമ്പ് ചെയ്യാന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.