കനേഡിയന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വാടക വര്‍ധന കാല്‍ഗറിയിലെന്ന്  റിപ്പോര്‍ട്ട് 

By: 600002 On: Feb 2, 2024, 10:31 AM

 

 


കാനഡയില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വാടക വര്‍ധന കാല്‍ഗറിയിലാണെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(CMHC) റിപ്പോര്‍ട്ട്. കാല്‍ഗറിയില്‍ 2022 നെ അപേക്ഷിച്ച് 2023 ല്‍ വാടക നിരക്ക് 14.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇത് 2007 ന് ശേഷം നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. കാല്‍ഗറിയില്‍ ടു ബെഡ്‌റൂം യൂണിറ്റിന്റെ ശരാശരി വാടക നിലവില്‍ പ്രതിമാസം 1,695 ഡോളര്‍ ആയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, കോണ്ടോ അപ്പാര്‍ട്ട്‌മെന്റ് വാടക നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ടു-ബെഡ് യൂണിറ്റിന് പ്രതിമാസം ശരാശരി 1,819 ഡോളറാണ് ഈടാക്കുന്നത്. 

കാല്‍ഗറിയില്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള ഒഴിവുകളുടെ നിരക്ക് 2022 ലെ 2.7 ശതമാനത്തില്‍ നിന്നും 2023 ല്‍ 1.4 ശതമാനമായി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.