ഭവന പ്രതിസന്ധിക്ക് പലിശ നിരക്കുകളല്ല കാരണമെന്ന് ടിഫ് മക്ലെം

By: 600002 On: Feb 2, 2024, 8:43 AM

 

 

കാനഡയിലെ ഭവന പ്രതിസന്ധിക്ക് ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്കുകള്‍ മാത്രം കാരണമാകുന്നില്ലെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം. പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ഭവന പ്രതിസന്ധിയുടെ മൂലകാരണം വിതരണ ക്ഷാമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പലിശ നിരക്ക് പ്രഖ്യാപനത്തിന് ശേഷം വ്യാഴാഴ്ച ഫിനാന്‍സ് കമ്മിറ്റിയില്‍ എംപിമാരുടെ മുമ്പാകെ ഹാജരായതായിരുന്നു മക്ലെം. 

ഉയര്‍ന്ന പലിശനിരക്കുകള്‍ ഉയര്‍ന്ന ഭവന ചെലവിലേക്ക് നയിക്കുന്നുണ്ടെന്ന് മക്ലെം സമ്മതിച്ചു. എന്നാല്‍ താഴ്ന്നതും ഉയര്‍ന്നതുമായ പലിശ നിര്കകുകളുടെ സമയങ്ങളില്‍ ഷെല്‍റ്റര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന പലിശ നിരക്ക് മോര്‍ഗേജ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ചെലവ് വര്‍ധിപ്പിക്കുകയും ഡെവലപ്പര്‍മാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ക്രെഡിറ്റ് സുരക്ഷിതമാക്കുന്നത് കൂടുതല്‍ ചെലവേറിയതാക്കുകയും ചെയ്തു. കുറഞ്ഞ പലിശ നിരക്ക് ഭവന നിര്‍മാണത്തിനുള്ള കൂടുതല്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിലൂടെ പാര്‍പ്പിട ചെലവുകളും വര്‍ധിപ്പിക്കുന്നു. കുറഞ്ഞ നിരക്കില്‍ വീടുകള്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുമ്പോള്‍ വില ക്രമാതീതമായി ഉയരുന്നു. 

അഫോര്‍ഡബിളിറ്റി മെച്ചപ്പെടുത്തുന്നതിന് ഭവന വിതരണം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മക്ലെം പറഞ്ഞു. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന നയങ്ങള്‍ അത് കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.