കരാറുകള്‍ ആവശ്യപ്പെടുന്ന അറിയിപ്പ് നല്‍കാതെ ജോലിയില്‍ നിന്നും വിരമിച്ച തൊഴിലാളിക്കെതിരെ തൊഴിലുടമ കേസെടുത്തു. കേസ് ബീസി സ്‌മോള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ പരിഗണിച്ചു. രണ്ട് കേസുകളാണ് പരിഗണിച്ചത്. സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നപ്പോള്‍ ഒരേ കാരണത്താല്‍ രണ്ട് കേസുകളിലെയും തൊഴിലുടമയുടെ ക്ലെയ്മുകള്‍ ട്രൈബ്യൂണല്‍ നിരസിച്ചു. കരാര്‍ ലംഘനമായതിനാല്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരത്തിന് കേസെടുക്കാം. എന്നാല്‍ തൊഴിലാളിയുടെ പിരിഞ്ഞുപോക്ക് തൊഴിലുടമ ക്ലെയിം ചെയ്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായി എന്നതിന് തെളിവുകള്‍ ഉണ്ടായിരിക്കണം.
ജോണ്‍ ഫ്‌ളെമിംഗ് ഇന്‍ഷുറന്‍സ് ഏജന്‍സി 2022 ല്‍ ഒരു അറിയിപ്പും കൂടാതെ ബ്രോക്കറായ ഡേവിക് മേത്ത രാജിവെച്ചതിനെ തുടര്‍ന്ന് കമ്പനിക്ക് 3,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മേത്ത കരാര്‍ ലംഘിച്ചോ എന്ന വിഷയം ആത്യന്തികമായി അപ്രസക്തമാണെന്നും കമ്പനി കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ട്രൈബ്യൂണല്‍ അംഗം ക്രിസ്റ്റഫര്‍ സി റിവേഴ്‌സ് തീരുമാനത്തില്‍ അറിയിച്ചു.