ടൊറന്റോ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന 9.5 ശതമാനമായി കുറച്ചു 

By: 600002 On: Feb 1, 2024, 11:31 AM

 


ടൊറന്റോയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന 9.5 ശതമാനമായി കുറച്ചതായി റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന ഉള്‍പ്പെടുന്ന അന്തിമ ബജറ്റ് മേയര്‍ ഓലിവിയ ചൗ വ്യാഴാഴ്ച അവതരിപ്പിക്കും. സിറ്റി സ്റ്റാഫ് മുമ്പ് ശുപാര്‍ശ ചെയ്തതിനേക്കാള്‍ ഒരു ശതമാനം കുറവാണ് ബജറ്റില്‍ പ്രഖ്യാപിക്കുന്ന പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന. 10.5 ശതമാനമായിരുന്നു സിറ്റി സ്റ്റാഫ് ശുപാര്‍ശ ചെയ്തിരുന്നത്. പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന പാസായാല്‍ ശരാശരി ടൊറന്റോ വീട്ടുടമസ്ഥന്‍ ഈ വര്‍ഷം ഏകദേശം 372 ഡോളര്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അധികമായി നല്‍കേണ്ടി വരും. 

9.5 ശതമാനം നികുതി വര്‍ധനവ് അമാല്‍ഗമേഷന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മുന്‍ മേയര്‍ ജോണ്‍ ടോറി കഴിഞ്ഞ വര്‍ഷം വരുത്തിയ ഏഴ് ശതമാനം വര്‍ധനവിനെ മറികടക്കും.  ഈ മാറ്റത്തിന്റെ ഫലമായി ഏകദേശം 42 മില്യണ്‍ ഡോളര്‍ വരുമാനം നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍.