റെക്കോര്‍ഡ് വാടക നിരക്ക്; കാനഡയില്‍ ഏറ്റവും ചെലവേറിയ നഗരമായി വാന്‍കുവര്‍ തുടരുന്നു

By: 600002 On: Feb 1, 2024, 7:23 AM

 

 


കാനഡയില്‍ വാടക നിരക്ക് ഏറ്റവും ഉയര്‍ന്ന നഗരമായി വാന്‍കുവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമാണ് വാന്‍കുവര്‍. കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക 2023 ല്‍ 2,181 ഡോളറായിരുന്നു. അതേസമയം, ടു-ബെഡ്‌റൂം കോണ്ടോ അപ്പാര്‍ട്ട്‌മെന്റിന് ശരാശരി 2,580 ഡോളറാണ് വാടക നിരക്ക്. 2023 ല്‍ നഗരത്തില്‍ വാടക നിരക്ക് 8.6 ശതമാനം വര്‍ധിച്ചു. റെന്റല്‍ വേക്കന്‍സി റേറ്റില്‍ 0.9 ശതമാനത്തില്‍ മാറ്റമില്ല. 

കുടിയേറ്റത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനയും ഹോംഓണര്‍ഷിപ്പ് അഫോര്‍ഡബിളിറ്റിയിലുണ്ടായ കുറവുമാണ് റെന്റല്‍ ഡിമാന്‍ഡിലേക്ക് നയിച്ചതെന്ന് റെന്റല്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

കാനഡയില്‍ വാടക നിരക്ക് ഉയര്‍ന്ന നഗരമെന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ടൊറന്റോയാണ്. ടൊറന്റോയില്‍ ശരാശരി ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാടക പ്രതിമാസം 1,961 ഡോളറാണ്. ഏറ്റവും ചെലവ് കുറഞ്ഞ നഗരം മോണ്‍ട്രിയലാണ്. ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് മോണ്‍ട്രിയലില്‍ പ്രതിമാസം 1,096 ഡോളറാണ് വാടക നിരക്ക്.