അപ്രതീക്ഷിതമായ ചെലവ് താങ്ങാന്‍ കഴിയാത്തവരാണ് കാനഡയിലെ ഭൂരിപക്ഷം പേരുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Feb 1, 2024, 5:53 AM

 


സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പല കനേഡിയന്‍ പൗരന്മാരും വലയുകയാണ്. വിലക്കയറ്റവും പണപ്പെരുപ്പവും മറ്റ് സാമ്പത്തിക ബാധ്യതകളും ജീവിതം ബുദ്ധിമുട്ടിലാക്കിയതായി കനേഡിയന്‍ പൗരന്മാര്‍ പറയുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വരുന്ന ചെലവ് പോലും താങ്ങാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. അപ്രതീക്ഷിതമായി 1000 ഡോളര്‍ ചെലവ് വന്നാല്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പലരും പ്രതികരിച്ചു. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ 2023 ലെ സര്‍വേ പ്രകാരം, 2022 ലെ ഫാള്‍ സീസണില്‍ 26 ശതമാനം കനേഡിയന്‍ പൗരന്മാര്‍ മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത 500 ഡോളര്‍ ചെലവ് താങ്ങാന്‍ തങ്ങള്‍ക്ക് മാര്‍ഗമില്ലെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ ബഹുഭൂരിപക്ഷം പേരും ഗ്യാസോലിന്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലക്കയറ്റത്തില്‍ ആശങ്കാകുലരാണ്. പകുതിയോളം പേര്‍(44 ശതമാനം) വീട് വാങ്ങാനോ വാടകയോ താങ്ങാന്‍ കഴിയാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു. 

അതേസമയം, സാമ്പത്തികമായി സുരക്ഷിതമായ ചിലര്‍ അപ്രതീക്ഷിതമായ 1000 ഡോളര്‍ ചെലവ് തങ്ങളെ തളര്‍ത്തില്ലെന്ന് പറഞ്ഞു. എന്നാല്‍ കാനഡയില്‍ ഭൂരിപക്ഷം പേരും അപ്രതീക്ഷിതമായ ചെലവ് താങ്ങാന്‍ ശേഷിയില്ലാത്തവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.