ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ സർവകലാശാലയായി പ്രഖ്യാപിച്ചു; നടപടി രാജ്യത്തെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ

By: 600021 On: Feb 1, 2024, 2:49 AM

ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷനിലെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനെ (ഐഐഎംസി) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (യുജിസി) ഉപദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയം ഒരു പ്രത്യേക വിഭാഗത്തിന് കീഴിലുള്ള സർവകലാശാലയായി പ്രഖ്യാപിച്ചു. ഐഐഎംസി ന്യൂഡൽഹിയിലും ജമ്മു, മഹാരാഷ്ട്രയിലെ അമരാവതി, മിസോറാമിലെ ഐസ്വാൾ, കേരളത്തിലെ കോട്ടയം, ഒഡീഷയിലെ ധേൻകനൽ എന്നിവിടങ്ങളിലെ അഞ്ച് പ്രാദേശിക കാമ്പസുകളിലേക്കും പ്രഖ്യാപനം വ്യാപിച്ചിച്ചു. ഇതോടെ, ഡോക്ടറൽ ബിരുദങ്ങൾ ഉൾപ്പെടെ ബിരുദങ്ങൾ നൽകാൻ ഐഐഎംസിക്ക് ഇപ്പോൾ അധികാരമുണ്ട്. പത്രപ്രവർത്തനം, പരസ്യംചെയ്യൽ, പബ്ലിക് റിലേഷൻസ് തുടങ്ങിയ മാധ്യമ വിഷയങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന മഹത്തായ ചരിത്രമാണ് ഇൻസ്റ്റിറ്റൂട്ടിനുള്ളതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഗവേഷണത്തിനും ഡോക്ടറൽ പ്രോഗ്രാമുകൾക്കുമൊപ്പം പാഠ്യപദ്ധതിയിൽ കൂടുതൽ കോഴ്‌സുകൾ ചേർക്കാൻ കഴിയുമെന്നതിനാൽ സർവകലാശാല പദവി നൽകുന്നത് ഒരു പുതിയ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നന്ദി പറഞ്ഞ മന്ത്രി, ഈ നടപടി രാജ്യത്തെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാൻ അവരെ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.