ബഹാമാസില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍  

By: 600002 On: Jan 31, 2024, 11:38 AM

 


വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ മൂലം ബഹാമാസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബഹാമാസിലെ ഫ്രീപോര്‍ട്ടിലും നസ്സൗവിലും യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് സര്‍ക്കാരിന്റെ ട്രാവല്‍ അഡൈ്വസറി പേജില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സായുധ കവര്‍ച്ചകള്‍, പേഴ്‌സ് തട്ടിയെടുക്കല്‍, മോഷണം, തട്ടിപ്പ്, ലൈംഗികാതിക്രമങ്ങള്‍ എന്നിവയാണ് ഫ്രീപോര്‍ട്ടിലും നാസൗവിലും യാത്രക്കാര്‍ക്കു നേരെയുണ്ടാകുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും സുരക്ഷിതരായിരിക്കണമെന്നും വെബ്‌പേജില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ക്രൂയിസ് കപ്പല്‍ ടെര്‍മിനിലുകളിലും ജനപ്രിയ റിസോര്‍ട്ട് ഏരിയകളിലും പരിസരങ്ങളിലും പകല്‍ സമയങ്ങളില്‍ പേലും കവര്‍ച്ചകള്‍ നടക്കുന്നു. അവധിക്കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബഹാമസിലേക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ, 2024 തുടക്കം മുതല്‍ നസ്സൗവില്‍ നടന്ന 18 കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 24 ന് യുഎസ് എംബസ്സി യുഎസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പും നല്‍കിയിരുന്നു.