മെക്‌സിക്കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ച് കനേഡിയന്‍ പൗരന്മാര്‍ എഫ്ബിഐയുടെ പിടിയിലായി. അമേരിക്കയിലും കാനഡയിലും വിതരണം ചെയ്യാന്‍ കടത്തുകയായിരുന്ന കള്ളക്കടത്ത് സംഘത്തിന്റെ പദ്ധതിയാണ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്. മൊത്തം 10 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'ഓപ്പറേഷന്‍ ഡെഡ് ഹാന്‍ഡ്' എന്ന പേരില്‍ നടത്തിയ ക്രോസ്-ബോര്‍ഡര്‍ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. കനേഡിയന്‍ മയക്കുമരുന്ന് കടത്തുകാരനും ഇറ്റാലിയന്‍ മാഫിയ ഫിഗര്‍ എന്ന് അധികൃതര്‍ ആരോപിക്കുന്ന മോണ്‍ട്രിയലില്‍ താമസിക്കുന്ന റോബര്‍ട്ടോ സ്‌കോപ്പ(55) ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ രണ്ട് യുഎസ് ഫെഡറല്‍ കുറ്റപത്രങ്ങളിലായി കേസെടുത്തിട്ടുണ്ട്.
മൊത്തക്കച്ചവട അടിസ്ഥാനത്തില്‍ വന്‍തോതില്‍ കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും സ്‌കോപ്പ വാങ്ങിയതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ ലോസ് ഏഞ്ചല്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യുബെക്ക്, ഒന്റാരിയോ, ആല്‍ബെര്‍ട്ട എന്നിവടങ്ങളില്‍ നിന്നുള്ള അഞ്ച് പേര്‍ ഉള്‍പ്പെടെ മൊത്തം 10 പേര്‍ അറസ്റ്റിലായി. ഇവരെ വിചാരണ നേരിടാനായി അമേരിക്കയ്ക്ക് കൈമാറേണ്ടി വരുമെന്ന് ആര്‍സിഎംപി അറിയിച്ചു. സ്‌കോപ്പയെ കൂടാതെ ക്യുബെക്കിലെ ട്രോയിസ് റിവിയേഴ്‌സിലെ ഇവാന്‍ ഗ്രെവല്‍ ഗോണ്‍സാലസ്(32), ബ്രാംപ്ടണിലെ ആയുഷ് ശര്‍മ്മ(25), ഗുരമൃത് സിദ്ധു(60), കാല്‍ഗറി സ്വദേശി ശുഭം കുമാര്‍(29) എന്നിവരാണ് അറസ്റ്റിലായവര്‍.
മോണ്‍ട്രിയല്‍, ടൊറന്റോ, കാല്‍ഗറി, ടെക്‌സാസ്,ഫ്‌ളോറിഡ, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സംഘം പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.