എയര്‍ ബാഗ് ഇന്‍ഫ്‌ളേറ്റര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത: കാനഡയില്‍ 8,300 ഓളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടൊയോട്ടയും ജനറല്‍ മോട്ടോഴ്‌സും 

By: 600002 On: Jan 31, 2024, 9:10 AM

 

 

എയര്‍ ബാഗ് ഇന്‍ഫ്‌ളേറ്ററുകളുടെ പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് 8,300 ഓളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടൊയോട്ട കാനഡയും ജനറല്‍ മോട്ടോഴ്‌സും. കാനഡയില്‍ വിറ്റഴിച്ച ഏകദേശം 5,000 ടൊയോട്ട കൊറോള, 1,600 ടൊയോട്ട കൊറോള മാട്രിക്‌സ്, 700 RAV4  എന്നിവയുള്‍പ്പെടെ 2003-2004 കാലഘട്ടത്തിലെ ചില മോഡലുകളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നുവെന്ന് ടൊയോട്ട കാനഡ വക്താവ് അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും തിരിച്ചെത്തിക്കാത്ത ഉടമകള്‍ക്ക് 'സ്‌റ്റോപ്പ് ഡ്രൈവിംഗ്' നോട്ടീസ് അയക്കുന്നതായും കമ്പനി അറിയിച്ചു. 

അടിയന്തരവും സൗജന്യവുമായ റിപ്പയര്‍ ജോലികള്‍ക്കായി വാഹന ഉടമകള്‍ക്ക് 'ഡു നോട്ട് ഡ്രൈവ്'   നോട്ടീസ് അയക്കുന്നുണ്ടെന്നും അറ്റകുറ്റപ്പണികള്‍ക്കായി ജനറല്‍ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാനും വാഹന ഉടമകളെ കമ്പനി അറിയിക്കുമെന്ന് ജിഎം വക്താവ് വ്യക്തമാക്കി. 

പ്രശ്‌ന ബാധിത വാഹനങ്ങളില്‍ ടകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവ ഉയര്‍ന്ന താപനിലയും പാരിസ്ഥിതിക ഈര്‍പ്പവും മൂലം കാലക്രമേണ നശിക്കുന്നവയാണെന്ന് ടൊയോട്ട കാനഡ വെബ്‌സൈറ്റില്‍ പറയുന്നു. നിലവില്‍ എയര്‍ബാഗ് തകരാറ് മൂലം കാനഡയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ 2009 മെയ് മുതല്‍ 29 പേരെങ്കിലും ടകാറ്റ ഇന്‍ഫ്‌ളേറ്ററുകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ടൊയോട്ട കാനഡയുടെ വെബ്‌സൈറ്റില്‍ വാഹന തിരിച്ചറിയല്‍ നമ്പര്‍ നല്‍കി തിരിച്ചുവിളി ബാധിച്ച വാഹനമാണോയെന്ന് തിരിച്ചറിയാം. പരിഹാരത്തിനായി ടൊയോട്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനും കമ്പനി അറിയിച്ചു.