ഉത്തരാഖണ്ഡിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് പാസാക്കുമെന്നും ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി ഫെബ്രുവരി 2ന് റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബിൽ ചർച്ച ചെയ്യാൻ ഫെബ്രുവരി അഞ്ചിനാണ് ഉത്തരാഖണ്ഡ് നിയമസഭ ചേരുന്നത്. 2022 മെയിലാണ് മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജൻ പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ അസമിലും ഗുജറാത്തിലും ബിൽ ചർച്ചയ്ക്കെടുത്ത് പാസാക്കിയേക്കും. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് നിയമ കമ്മീഷന്‍റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും നിയമ കമ്മീഷൻ വിഷയത്തിൽ നേരത്തെ അഭിപ്രായം തേടിയിരുന്നു.