സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലായ എം വി ഇമാൻ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കപ്പലിൽ നിന്നും അപായ സന്ദേശം സ്വീകരിച്ചെത്തിയ ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് സുമിത്ര കടൽകൊളളക്കാർക്ക് മുന്നറിയിപ്പ് നൽകുകയും പിന്നാലെ ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തുകയുമായിരുന്നു. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണെന്നും കടൽ കൊള്ളക്കാർ കപ്പൽ വിട്ടതായും നാവിക സേന അറിയിച്ചു. രണ്ട് ദിവസം മുൻപ് ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണകപ്പലിനു നേരെ ഉണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് വിശാഖപട്ടണമാണ് രക്ഷാദൗത്യം നടത്തിയത്. മേഖലയിൽ കടൽകൊളളക്കാരുടെയും ഹൂതി വിമതരുടെയും ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.