ഡ്രോണ്‍ ആക്രമണത്തെത്തുടർന്ന് മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജോര്‍ദാന്‍ പ്രതികരണം അറിയിച്ചു. ഡ്രോണ്‍ ആക്രമണം തങ്ങളുടെ പ്രദേശത്ത് നടന്നിട്ടില്ലെന്നും അതിര്‍ത്തിക്ക് സമീപത്തെ സിറിയയിലെ സൈനിക താവളത്തിലാണ് നടന്നതെന്നും ജോര്‍ദാന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈനികരെയല്ല മറിച്ച്, സിറിയയിലെ അല്‍-തന്‍ഫ് ബേസ് ആണ് ലക്ഷ്യമിട്ടതെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹന്നദ് മുബൈദീന്‍ പറഞ്ഞു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. സിറിയയിലും ഇറാഖിലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ്റെ ആരോപണം. ആക്രമണത്തില്‍ 34 സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് അറിയിച്ചു. അതേസമയം, ഗാസയിലെ നിരപരാധികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ അതിനെ നേരിടുമെന്ന അമേരിക്കന്‍ ഭരണകൂടത്തിനുള്ള സന്ദേശമാണ് ഡ്രോണ്‍ ആക്രമണമെന്ന് ഹമാസ് വക്താവ് സമി അബു സുഹ്രി പ്രതികരിച്ചു. ഗാസയില്‍ അമേരിക്കന്‍-സയണിസ്റ്റ് ആക്രമണം തുടരുന്നത് മറ്റ് പ്രാദേശിക ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും അബു സുഹ്രി പ്രസ്താവനയിലൂടെ പറഞ്ഞു.