അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ഒന്റാരിയോ സര്‍ക്കാരും ചില നടപടികള്‍ സ്വീകരിക്കുകയാണ്. അതില്‍ പുതിയ നിര്‍ദ്ദേശമാണ് പ്രവിശ്യയിലെ കോളേജുകളും യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഉറപ്പുവരുത്തണമെന്നത്. പ്രവിശ്യയിലെ സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 2014-15 മുതല്‍ 2021-22 വരെ ഇരട്ടിയായതായി വിദ്യാഭ്യാസ മന്ത്രി ജില്‍ ഡണ്‍ലപ് പറഞ്ഞു. ഈ കാലയളവില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായത്ര താമസസ്ഥലങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്ന് ജില്‍ ഡണ്‍ലപ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളെ പരിശോധിക്കുകയും പുതിയ പൊതു കോളേജ് സ്വകാര്യ പങ്കാളിത്തത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രി അറിയിച്ചിരുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 35 ശതമാനം കുറയ്ക്കണമെന്ന ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശവുമായി ഒന്റാരിയോ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.