കനേഡിയന്‍ പലസ്തീനിയന്‍ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഗാസയില്‍ കാണാതായതായി റിപ്പോര്‍ട്ട് 

By: 600002 On: Jan 29, 2024, 12:11 PM

 

 


കാല്‍ഗറി സ്വദേശിയായ കനേഡിയന്‍ പലസ്തീനിയന്‍ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഗാസയില്‍ കാണാതായതായി റിപ്പോര്‍ട്ട്. മന്‍സൂര്‍ ഷൗമാന്‍ എന്നയാളെയാണ് കാണാതായത്. ഒരാഴ്ചയായി ഷൗമാനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഷൗമാന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. ഷൗമാനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നയുടന്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അന്വേഷണം നടത്തുന്നതായും ഫെഡറല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ജനുവരി 21 ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് അവസാനമായി ഷൗമാനുമായി ബന്ധപ്പെട്ടതെന്ന് ഓണ്‍ലൈനില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന കാനഡയിലെ വോളന്റിയര്‍ ടീം അംഗം ഷാദി സക്ര്‍ പറഞ്ഞു. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍ നിന്നുമാണ് അവസാനമായി ഷൗമാന്‍ വീഡിയോ അയച്ചതെന്ന് ഷാദി വ്യക്തമാക്കി. 

ഇസ്രയേല്‍ പ്രതിരോധ സേന(IDF) ഷൗമാനെ കസ്റ്റഡിയിലെടുതത്തിരിക്കാമെന്ന് ഷൗമാനെ സഹായിക്കുന്ന ദുരിതാശ്വാസ സംഘടനകളിലുള്ളവര്‍ പറഞ്ഞതായി ഷാദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗാസയില്‍ കനേഡിയന്‍ ജേണലിസ്റ്റിനെ കാണാതായതായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതായും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വ്യക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനില്ലെന്നും വക്താവ് അറിയിച്ചു.