സൗത്ത്ഈസ്റ്റ് എഡ്മന്റണില്‍ പുതുതായി നിര്‍മിച്ച വീട് അര്‍ധരാത്രി അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ 19 സ്ട്രീറ്റ്, 20 അവന്യുവിന് സമീപമുള്ള വീടാണ് കത്തിനശിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചതായി അഗ്നിശമന സേന പറഞ്ഞു. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആളിപ്പടര്‍ന്ന തീയുടെ ചൂടില്‍ അടുത്ത വീടിന്റെ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. തങ്ങളുടെ സുരക്ഷയില്‍ ആശങ്കുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വീടിന് ചുറ്റും നിരവധി അയല്‍ക്കാരാണ് ഉള്ളത്. ഇവരെല്ലാം ഭയപ്പാടിലാണ്.
രാവിലെ ആറ് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചതെന്ന് അഗ്നിശമന സേന വ്യക്തമാക്കി. തീപിടുത്തം സംബന്ധിച്ച കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസ് അയല്‍വീടുകളിലുള്ളവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തീപിടുത്തത്തിന് സമീപകാലത്തെ കവര്‍ച്ച കേസുകളുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.