നിജ്ജാര്‍ വധം: അന്വേഷണത്തോട് ഇന്ത്യ സഹകരിക്കുമെന്ന് അറിയിച്ചതായി കനേഡിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 

By: 600002 On: Jan 27, 2024, 10:56 AM

 

 

ഖലിസ്ഥാന്‍ ഭീകരവാദത്തെച്ചൊല്ലിയുള്ള ഇന്ത്യ-കാനഡ ബന്ധത്തില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യത്തിന്റെ മഞ്ഞുരുകുന്നുവെന്ന സൂചന നല്‍കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സ്ഥാനമൊഴിയുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(NSIA) ജോഡി തോമസ്. കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ ഇപ്പോള്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കാനഡ-ഇന്ത്യ ബന്ധം വഷളായത്. മതിയായ തെളിവുകള്‍ കൈമാറാതെ അന്വേഷണത്തോട് സഹകരിക്കില്ലെന്നും ആരോപണം അടിസ്ഥാനരഹിതവുമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 

എന്നാല്‍, ഇന്ത്യന്‍ പ്രതിനിധിയുമായുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി കൈവരിച്ചതായി തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇന്ത്യ സഹകരിക്കാനുള്ള മനോഭാവം പ്രകടമാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. 

ജോഡി തോമസ് പബ്ലിക് സര്‍വീസ് മേഖലയില്‍ 35 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2022 ജനുവരിയില്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഇന്റലിജന്‍സ് ഉപദേശകയായി തോമസ് നിയമിതയായി. ജനുവരി 26 വെള്ളിയാഴ്ച അവര്‍ സ്ഥാനമൊഴിഞ്ഞു.