ബാന്‍ഫ് ക്യാമ്പ്‌സൈറ്റുകള്‍ക്കായി ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു 

By: 600002 On: Jan 27, 2024, 10:29 AM

 


ബാന്‍ഫ് ക്യാമ്പ്‌സൈറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. സമ്മര്‍ സീസണിലേക്കുള്ള റിസര്‍വേഷനുകള്‍ക്കായി ആയിരക്കണക്കിന് ക്യാമ്പേഴ്‌സാണ് എത്തിയത്. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുറന്ന സിസ്റ്റം റിസര്‍വേഷനുള്ള തിരക്ക് മൂലം താല്‍ക്കാലികമായി തകരാറിലായി. സൈറ്റ് തുറന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ബുക്കിംഗ് നടന്നത്. ടണല്‍ മൗണ്ടന്‍, ലേക്ക് ലൂയിസ്, ജോണ്‍സ്റ്റണ്‍ കാന്യോണ്‍, ടു ജാക്ക് ലേക്ക്‌സൈഡ് ആന്‍ഡ് മെയിന്‍, റാംപാര്‍ട്ട് ക്രീക്ക്, സില്‍വര്‍ഹോണ്‍ ക്രീക്ക് എന്നിവടങ്ങളിലേക്കാണ് റിസര്‍വേഷനുകള്‍ സ്വീകരിക്കുന്നത്. 

ടു ജാക്ക്‌സ് ലേക്ക്‌സൈഡ് പോലെയുള്ള ഏറ്റവും ജനപ്രിയമായ ചില സൈറ്റുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഏകദേശം ബുക്ക് ചെയ്തുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. റാംപാര്‍ട്ട് ക്രീക്കും സില്‍വര്‍ഹോണ്‍ ക്രീക്കും പൂര്‍ണ്ണമായും റിസര്‍വ് ചെയ്യാവുന്ന ആദ്യ വര്‍ഷമാണിത്. 

ടക്കാക്ക ഫാള്‍സ് ഉള്‍പ്പെടെ ബാന്‍ഫ്, കൂറ്റനെ, യോഹോ നാഷണല്‍ പാര്‍ക്ക് എന്നിവടങ്ങളിലെ ബാക്ക്കണ്‍ട്രി ക്യാമ്പിംഗിനായി തിങ്കളാഴ്ച മുതല്‍ റിസര്‍വേഷനുകള്‍ സ്വീകരിക്കും. ജാസ്പര്‍ സൈറ്റുകള്‍ക്കുള്ള റിസര്‍വേഷന്‍ ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിക്കും. നോര്‍ത്ത് അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ക്ക് ക്യാമ്പിനായി ഓണ്‍ലൈനിലോ അല്ലെങ്കില്‍ 1-877-737-3783 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പാര്‍ക്ക്‌സ് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.