വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും ഒന്റാരിയോയിലെ പോസ്റ്റ് സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഒന്റാരിയോ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നു. നടപടികളുടെ ഭാഗമായി പുതിയ പബ്ലിക്-പ്രൈവറ്റ് കോളേജ് പങ്കാളിത്തത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്ന് ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്ക് തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനിടയിലാണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശത്ത് നിന്നും വിദ്യാര്‍ത്ഥി പ്രവേശനത്തെ ആശ്രയിക്കുന്നത്. ഇത് ആശങ്കയ്ക്ക് വഴിവെച്ചതിനെ തുടര്‍ന്നാണ് പൊതു-സ്വകാര്യ കോളേജുകള്‍ തമ്മിലുള്ള പങ്കാളിത്തം നിര്‍ത്തലാക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചത്.
പരിധിയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുള്ള സര്‍വ്വകലാശാലകളും കോളേജുകളും വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളുടെ അവലോകനവും സര്‍ക്കാര്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.