സിക്ക്കിഡ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനെന്ന വ്യാജേന അജ്ഞാതന്‍ പണം തട്ടുന്നതായി ടൊറന്റോ പോലീസിന്റെ മുന്നറിയിപ്പ് 

By: 600002 On: Jan 27, 2024, 9:16 AM

 

 

സിക്ക്കിഡ്‌സ് ഫൗണ്ടേഷന്റെ പ്രചാരകന്‍ എന്ന വ്യാജേന അജ്ഞാതന്‍ ടൊറന്റോയില്‍ വീടുകള്‍ തോറും കയറി സംഭാവന സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നതായി ടൊറന്റോ പോലീസ് മുന്നറിയിപ്പ് നല്‍കി. ടൊറന്റോ ഡൗണ്ട്ടൗണ്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സന്ദര്‍ശിച്ച് സിക്ക്കിഡ്‌സ് ഫൗണ്ടേഷന്‍ ക്യാന്‍വാസര്‍ എന്ന വ്യാജേനയാണ് ഇയാള്‍ വാടകക്കാരോട് പണം സംഭാവന ചോദിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സിക്കകിഡ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇയാള്‍ ടാഗും ധരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 

ഫൗണ്ടേഷന്‍ പറയുന്നതനുസരിച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ഐഡന്റിറ്റി കാര്‍ഡുകളില്‍ അവരുടെ പേര്, തിരിച്ചറിയല്‍ നമ്പര്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ഒരിക്കലും അപ്പാര്‍ട്ട്‌മെന്റുകളിലോ കോണ്ടോ കെട്ടിടങ്ങളിലോ ക്യാന്‍വാസ് ചെയ്യാനെത്തുകയോ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്യാറില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു. 

ക്യാന്‍വാസ് ചെയ്യാനെത്തുന്നയാളുടെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായാല്‍ ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ടൊറന്റോ പോലീസ് സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം യൂണിറ്റ് നിര്‍ദ്ദേശിച്ചു.