പ്രവിശ്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളില്‍ ഫാര്‍മസി കെയര്‍ ക്ലിനിക്കുകളുടെ വിപുലീകരണത്തെ സ്വാഗതം ചെയ്ത് ആല്‍ബെര്‍ട്ട. പ്രവിശ്യയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പ്രതിസന്ധി പരിഹരിക്കാനും ഫാമിലി ഡോക്ടര്‍മാരുടെ ക്ഷാമം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഈ വിപലുലീകരണമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പറഞ്ഞു. വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പ്രവിശ്യയിലുടനീളം 44 പുതിയ ഫാര്‍മസി കെയര്‍ ക്ലിനിക്കുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ട് അറിയിച്ചു. ഇത് പ്രവിശ്യയിലെ മൊത്തം ക്ലിനിക്കുകളുടെ എണ്ണം 103 ആയി ഉയര്‍ത്തും. സ്റ്റോറിന്റെ ഫാര്‍മസികളില്‍ സ്ഥിതി ചെയ്യുന്ന ക്ലിനിക്കുകള്‍ ജലദോഷം, പിങ്ക് ഐ, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവയുടെ നിര്‍ണയവും ചികിത്സയും ഉള്‍പ്പെടെയുള്ള ഫാര്‍മസി കെയര്‍ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കും.
രോഗ നിര്‍ണയം നടത്താനും ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്കും പരുക്കുകള്‍ക്കും മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും വാക്‌സിനുകളും മറ്റ് മരുന്നുകളും നല്‍കാനും വിട്ടുമാറാത്ത അസുഖങ്ങള്‍ഡ ബാധിച്ചവരെ സഹായിക്കാനും ഫാര്‍മസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
ഒന്റാരിയോയിലും നോവ സ്‌കോഷ്യയിലും ഫാര്‍മസികളില്‍ സമാനമായ ക്ലിനിക്കുകള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ആല്‍ബെര്‍ട്ടയിലെ ലെത്ത്ബ്രിഡ്ജില്‍ ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ട് ആദ്യത്തെ ഫാര്‍മസി കെയര്‍ ക്ലിനിക് 2022 ജൂണില്‍ തുറന്നിരുന്നു.