2050 ആകുമ്പോഴേക്കും കാനഡയില്‍ ഡിമെന്‍ഷ്യ ബാധിക്കുന്ന നാലില്‍ ഒരാള്‍ ഏഷ്യന്‍ വംശജനായിരിക്കും: പുതിയ പഠനം 

By: 600002 On: Jan 25, 2024, 12:09 PM

 

 

അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ ഡിമെന്‍ഷ്യ ബാധിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ഷിമേഴ്‌സ് സൊസൈറ്റിയുടെ 2020 ലെ പഠനത്തില്‍ പറയുന്നു. ഈ പഠനം കൂടാതെ ഇപ്പോള്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ പഠനത്തില്‍ 2050 ആകുമ്പോഴേക്കും കാനഡയില്‍ ഡിമെന്‍ഷ്യ ബാധിക്കുന്ന ഓരോ നാലില്‍ ഒരാള്‍ ഏഷ്യന്‍ വംശജനായിരിക്കുമെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ഏജിംഗ് പോപ്പുലേഷനാണ് ഡിമെന്‍ഷ്യ വര്‍ധിക്കാനുള്ള പ്രധാന കാരണമായി  'ദ മെനി ഫെയ്‌സസ് ഓഫ് ഡിമെന്‍ഷ്യ ഇന്‍ കാനഡ' എന്ന തലക്കെട്ടിലുള്ള പഠനത്തിന്റെ പ്രധാന രചയിതാവായ ഡോ. ജോഷ്വ ആംസ്‌ട്രോംഗ് പറയുന്നു. 

1970 കളില്‍ കുടിയേറ്റത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും കാനഡയിലെത്തിയവര്‍ ഇപ്പോള്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏഷ്യന്‍ വംശജരായ ആളുകള്‍ക്ക് അവരുടെ വംശീയത കാരണം ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

മറ്റ് വംശീയ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ വംശജരില്‍ യഥാര്‍ത്ഥത്തില്‍ അപകടസാധ്യത കുറവാണ്. എന്നാല്‍ കാനഡയിലെ  ഏഷ്യന്‍ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതല്‍ ഏഷ്യന്‍ വംശജര്‍ക്കിടയിലാകുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ധിക്കുന്നത് കാനഡയില്‍ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമാകുന്നു. ജനസംഖ്യാപരമായ ഘടന കാരണം ഏഷ്യന്‍ വംശജരില്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.