എഡ്മന്റണ്‍ സിറ്റി ഹാളിനു നേരെ വെടിവെപ്പ് നടത്തുകയും മോളോടൊവ് കോക്ക്‌ടെയില്‍ എറിയുകയും ചെയ്ത പ്രതി സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ആളാണെന്ന് പോലീസ്. ഇയാള്‍ക്കെതിരെ നിരവധി ചാര്‍ജുകള്‍ ചുമത്തിയിട്ടുണ്ട്. ബെഷാനി സര്‍വര്‍ എന്ന 28 കാരനാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തീപിടുത്തമുണ്ടാക്കുന്ന വസ്തുക്കള്‍ വലിച്ചെറിയല്‍ (മൊളോടോവ് കോക്ടെയ്ല്‍), തോക്കുപയോഗിച്ചുള്ള കുറ്റകൃത്യം, തോക്ക് അശ്രദ്ധമായി ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി പ്രൊവൈഡറായ കനേഡിയന്‍ കോര്‍പ്‌സ് ഓഫ് കമ്മീഷണേഴ്‌സിലെ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു സര്‍വര്‍. തങ്ങളുടെ ജീവനക്കാരനാണെന്നും എന്നാല്‍ സിറ്റി ഹാളില്‍ ജോലിക്ക് നിയോഗിച്ചിട്ടില്ലെന്നും കമ്മീഷണേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്തയാളെക്കുറിച്ച് അറിയാം. എന്നാല്‍ സിറ്റി ഹാളിലുണ്ടായ വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്നതിനെക്കുറിച്ച് വ്യക്തമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.