എഡ്ന്റണ്‍ സിറ്റി ഹാളിലേക്ക് ആയുധധാരി വെടിയുതിര്‍ത്തു: പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് 

By: 600002 On: Jan 24, 2024, 8:50 AM

 


എഡ്മന്റണില്‍ സിറ്റി ഹാളിലേക്ക് ആയുധധാരി വെടിയുതിര്‍ക്കുകയും മൊളോടോവ് കോക്ടെയില്‍ എറിയുകയും ചെയ്തതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ്. ചൊവ്വാഴ്ച രാവിലെ 10.25 ഓടുകൂടിയാണ് ആയുധങ്ങള്‍ കൈവശം വെച്ച അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് ചീഫ് ഡെയ്ല്‍ മക്ഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിറ്റി ഹാളിന് നേരെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും മക്ഫീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ആക്രമസംഭവത്തില്‍ ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടായിരുന്നതായി സൂചനകളൊന്നുമില്ലെന്നും പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും പബ്ലിക് സേഫ്റ്റി സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. 

സംഭവ സമയത്ത് സിറ്റി ഹാളില്‍ എഡ്മന്റണ്‍ മേയര്‍ അമര്‍ജീത് സോഹി, കൗണ്‍സിലര്‍മാരായ ജോ-ആന്‍ റൈറ്റ്, ആരോണ്‍ പാക്വെറ്റ് എന്നിവര്‍ ഉള്‍പ്പെട്ട യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വെടിയൊച്ച കേട്ടയുടന്‍ യോഗം നിര്‍ത്തിവെച്ചു. വെടിവയ്പ്പ് നടക്കുമ്പോള്‍ ഗ്രേഡ് 1 ക്ലാസും സിറ്റി ഹാളില്‍ ഉണ്ടായിരുന്നുവെന്ന് മക്ഫീ പറഞ്ഞു. പ്രതിയെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.