കാനഡയില്‍ ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം 2050 ആകുമ്പോഴേക്കും 187 ശതമാനം വര്‍ധിക്കുമെന്ന് പഠനം 

By: 600002 On: Jan 24, 2024, 8:24 AM

 


കാനഡയില്‍ ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം 2050 ആകുമ്പോഴേക്കും 187 ശതമാനം ഉയരുമെന്ന് പഠന റിപ്പോര്‍ട്ട്. വിവിധ കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ സേവനങ്ങളും പിന്തുണയും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പഠനത്തില്‍ പറയുന്നു. കാനഡയില്‍ ഏജിംഗ് പോപ്പുലേഷന്‍ വര്‍ധിക്കുന്നതിനാല്‍ 26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1.7 മില്യണ്‍ ആളുകള്‍ക്ക് ബ്രെയിന്‍ ഡിസോര്‍ഡര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അല്‍ഷിമെര്‍ സൊസൈറ്റി ഓഫ് കാനഡ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാനഡയിലും ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കപ്പെടുന്ന ഡിമെന്‍ഷ്യയെ സംബന്ധിച്ച് മികച്ച ധാരണ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ പഠനമാണിതെന്ന് സംഘടന അവകാശപ്പെടുന്നു. 

ആരോഗ്യത്തിന്റെ ഘടനാപരമായ തടസ്സങ്ങളും സാമൂഹിക ഘടകങ്ങളും ജനസംഖ്യയുടെ വലിയ വിഭാഗത്തിന്റെ മസ്തിഷ്‌ക ആരോഗ്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍ഷിമെര്‍ സൊസൈറ്റി ഓഫ് കാനഡയിലെ ഗവേഷണ ശാസ്ത്രജ്ഞനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഡോ. ജോഷ്വ ആംസ്‌ട്രോംഗ് പറയുന്നു. രാജ്യത്തെ എല്ലാവര്‍ക്കും രോഗനിര്‍ണയം, പരിചരണം, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയിലേക്കുള്ളപിന്തുണ അത്യാവശ്യവുമാണ്. ദാരിദ്ര്യം ന്യൂറോളജിക്കല്‍ കണ്ടീഷന്‍സിന് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തില്‍ ആംസ്‌ട്രോംഗ് അഭിപ്രായപ്പെടുന്നു. അതേസമയം, സമ്പന്നരോ നല്ല സാമ്പത്തിക നിലയില്‍ ജീവിക്കുന്നവരോ മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കുന്നു. ഏജിംഗ് പോപ്പുലേഷനാണ് ഡിമെന്‍ഷ്യ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നത്. 

ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. ഇത് പലതരം ന്യൂറോ ഡിജെനറേറ്റീവ് ലക്ഷണങ്ങളായി പുരോഗമിക്കുന്നു. ഭാഷ, പെരുമാറ്റം, മാനസികാവസ്ഥ എന്നിവയെല്ലാം ഏതെങ്കിലും വിധത്തില്‍ ഡിമെന്‍ഷ്യയായി മാറും. ഭാവിയില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുമെന്നതിനാല്‍ ഈ തരംഗത്തെ നേരിടാന്‍ രാജ്യത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം തയാറെടുപ്പുകളും നടപടികളും സ്വീകരിച്ചേ മതിയാകൂ എന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.