ശൈത്യകാലത്ത് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു  

By: 600002 On: Jan 23, 2024, 2:09 PM

 


ശൈത്യകാലത്ത് കാര്‍ബണ്‍മോണോക്‌സൈഡ് വിഷബാധയേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ബീസിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ശൈത്യകാലത്ത് 31 ഓളം പേരാണ് കാര്‍ബണ്‍മോണോക്‌സൈഡ് ബാധയേറ്റ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചത്. എന്നാല്‍ സമ്മര്‍സീസണില്‍ 19 പേര്‍ക്കാണ് വിഷബാധയേറ്റത്. വേനല്‍ക്കാലത്തേക്കാള്‍ ശൈത്യകാലത്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച കൂടുതലെന്ന് അധികൃതര്‍ പറയുന്നു. 

അദൃശ്യവും മണമില്ലാത്തതുമായ വാതകമായതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിനെ  നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. പലപ്പോഴും കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച തിരിച്ചറിയാതെ പോകുന്നതിനാലാണ് വാതകം ശ്വസിച്ചുള്ള അപകടങ്ങള്‍ ഏറുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഉറക്കത്തിലാണെങ്കില്‍ വാതകം ശ്വസിച്ച് മരണം വരെ സംഭവിക്കാം. 

ഗ്യാസോലിന്‍, ഡീസല്‍, പ്രൊപ്പെയ്ന്‍, വിറക്, കരി എന്നിവയുള്‍പ്പെടെ ഏത് ഫോസില്‍ ഇന്ധനം കത്തിച്ചാലും കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പാദിപ്പിക്കപ്പെടും. ഫാള്‍ സീസണിലും വിന്റര്‍ സീസണിലും വീടിന് അകത്ത് വാതിലുകളും ജനലുകളും അടച്ച് ഫര്‍ണസുകള്‍ കത്തിക്കുന്നത് അപകടമുണ്ടാക്കുന്നു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്റ്ററുകള്‍ വീടുകളില്‍ ഉറപ്പായും ഉണ്ടാകണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.