ബയോടെക് മേഖലയില്‍ പുതുചുവടുവെപ്പ് നടത്തി വിന്നിപെഗിലെ മലയാളി ഗവേഷകന്‍ 

By: 600002 On: Jan 23, 2024, 12:24 PM

 

മാനിറ്റോബ യൂണിവേഴ്‌സിറ്റി ഡൗണ്‍ടൗണ്‍ കാമ്പസ് കെട്ടിടത്തിലെ നോവല്‍ ബയോടെക്‌നോളജി ഇങ്കിന്റെ ചെറിയ ലാബില്‍ നിന്നും പുതു ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളി ഗവേഷകന്‍ സന്തോഷ് കള്ളിവളപ്പില്‍. ബയോ സേഫ്റ്റി ലാബില്‍ സന്തോഷ് കള്ളിവളപ്പിലും അദ്ദേഹത്തിനൊപ്പമുള്ള ശാസ്ത്രജ്ഞരുടെ സംഘവും ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലേക്ക് നിര്‍ണായകമായ പുതിയ ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ജീന്‍ തെറാപ്പികളും വാക്‌സിനുകളും നിര്‍മ്മിക്കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ ഇന്‍ഡസ്ട്രിക്ക് പുതിയ ടൂളാണ് ലോക്കല്‍ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

കമ്പനിയുടെ നാല് സഹസ്ഥാപകരും ഗവേഷണ വികസന തലവനുമായ കള്ളിവളപ്പില്‍, ഇ-കോളി ബാക്ടീരിയയെക്കാൾ രണ്ടു മുതൽ 20 ഇരട്ടി വരെ പെർഫോം ചെയ്യാൻ കഴിവുള്ള എന്‍ബിഎക്‌സ് ബാക്ടീരിയെക്കുറിച്ചാണ് പഠനം നടത്തിയത്. ജീന്‍ തെറാപ്പികളും വാക്‌സിനുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സങ്കീര്‍ണമായ ജനിതക വസ്തുക്കള്‍ വളര്‍ത്താന്‍ മാത്രമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി ഇ-കോളി ബാക്ടീരിയയെ ഉപയോഗിച്ചിട്ടുള്ളൂ. 

പ്ലാസ്മിഡ് ഡിഎന്‍എ എന്ന് വിളിക്കപ്പെടുന്ന ബാക്ടീരിയയില്‍ നിലനില്‍ക്കുന്ന തന്മാത്രകള്‍, മരുന്നുകളില്‍ ഉപയോഗിക്കുന്ന ജനിതക കോഡുകള്‍ ഫലപ്രദമായി നിര്‍മ്മിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി ഉപയോഗിക്കുന്ന ജനറ്റിക് ഫോട്ടോകോപ്പിയറാണ്. 

നൂറുകണക്കിന് ജീന്‍ തെറാപ്പി കമ്പനികള്‍ പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നുണ്ട്.  മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനുള്ള പണവും പ്രയത്‌നവും മരുന്നുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യയെ അപേക്ഷിച്ച് വളരെ പുരോഗമിച്ചിരിക്കുന്നുവെന്ന് നോവല്‍ സിഇഒ പങ്കജ് ഖന്ന പറയുന്നു. അതിനര്‍ത്ഥം ചില മരുന്നുകള്‍ നിര്‍മിക്കാന്‍ വളരെയധികം പണം ചെലവാകും, അവ ആവശ്യമുള്ള ആളുകള്‍ക്ക് അപ്രാപ്യമാകും. ആളുകള്‍ക്ക് മരുന്ന് ലഭിക്കുന്നില്ലെങ്കില്‍ വികസനം കൊണ്ട് പ്രയോജനമില്ല. കമ്പനി അഭിമുഖീകരിച്ച വെല്ലുവിളി അതാണ്. എന്നാല്‍ സന്തോഷ് കള്ളിവളപ്പില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.