മെട്രോ വാന്‍കുവറില്‍ മെട്രോ വാന്‍ബസ്, സീബസ് സമരം ആരംഭിച്ചു; യാത്രക്കാര്‍ ദുരിതത്തില്‍ 

By: 600002 On: Jan 23, 2024, 10:54 AM

 

 


മെട്രോ വാന്‍കുവറില്‍ സര്‍വീസുകള്‍ സ്തംഭിപ്പിച്ച് 48 മണിക്കൂര്‍ ബസ്, സീബസ് സമരം ആരംഭിച്ചു. കോസ്റ്റ് മൗണ്ടന്‍ ബസ് കമ്പനിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 180 ലധികം യൂണിയന്‍ ട്രാന്‍സിറ്റ് സൂപ്പര്‍വൈസര്‍മാര്‍ സമരം ആരംഭിച്ചത്. വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരെയാണ് പണിമുടക്ക് ബാധിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.  

കോസ്റ്റ് മൗണ്ടന്‍ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച രാവിലെ നിര്‍ത്തി. മേഖലയിലെ 96 ശതമാനം ബസ് സര്‍വീസുകളും കോസ്റ്റ് മൗണ്ടന്‍ റൂട്ടുകളിലാണ്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന വിന്‍സ് റെഡിയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഷയത്തില്‍ തീരുമാനമായില്ല.കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് ലോക്കല്‍ വാന്‍കുവര്‍, സറേ, റിച്ച്മണ്ട്, ബേണബി, പോര്‍ട്ട് കോക്വിറ്റ്‌ലാം എന്നിവടങ്ങളിലും നോര്‍ത്ത് വാന്‍കുവറിലെ സീബസ് ടെര്‍മിനലിലും ട്രാന്‍സിറ്റ് കേന്ദ്രങ്ങള്‍ പിക്കറ്റ് ചെയ്യുമെന്ന് അറിയിച്ചു. സ്‌കൈട്രെയിന്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ഹാന്‍ഡിഡാര്‍ട്ട്, കാനഡ ലൈന്‍, ബോവന്‍ ഐലന്‍ഡ് കമ്മ്യൂണിറ്റി ഷട്ടില്‍സ് എന്നിവ തിങ്കളാഴ്ച പ്രവര്‍ത്തനക്ഷമമായിരുന്നു. 

ബസ്, സീബസ് സര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാന്‍സ്‌ലിങ്ക് അറിയിച്ചു. പണിമുടക്ക് മൂലം ടെര്‍മിനികളിലേക്കുള്ള ഗതാഗതം വൈകുമെന്ന് വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബീസി ഫെറീസും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.