ഇലക്ട്രിക് ബസിൻ്റെ വാർഷിക റിപ്പോർട്ട് ചോർന്നതിൽ വിശദീകരണം തേടി ഗതാഗത മന്ത്രി ഗണേഷ് കുമാർ

By: 600021 On: Jan 23, 2024, 2:40 AM

ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ചോർന്നതിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ വിശദീകരണം തേടി. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. റിപ്പോര്‍ട്ട് പഠിച്ചശേഷം തുടര്‍നടപടി ഉണ്ടായേക്കും. അതേസമയം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഈ നിലയില്‍ തുടരേണ്ടതില്ലെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ജോയിന്‍റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, തനിക്ക് കിട്ടും മുമ്പേ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇതിന് പുറമെ മന്ത്രി വിശദീകരണവും തേടി. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി നിലപാടെടുത്തതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്.