കാർബൺ ബഹിർഗമന തോത് ഗണ്യമായി കുറക്കണം; ആഗോള യുഎൻ വേദിയിൽ ഇന്ത്യയുടെ നിർദ്ദേശം

By: 600021 On: Jan 23, 2024, 2:36 AM

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് കാർബൺ ബഹിർഗമന തോത് ഗണ്യമായി കുറക്കണമെന്ന് ഇന്ത്യ. ഫിഷറി റിസോഴ്സസ് അസസ്മെന്റ് ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ ജെ ജയശങ്കറാണ് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ഇന്ത്യയുടെ സജീവ നിലാപാട് വ്യക്തമാക്കുന്ന പ്രസ്താവന ആഗോളവേദിയിൽ അവതരിപ്പിച്ചത്. ഐക്യരാഷട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) ഫിഷറീസ് മാനേജ്മെന്റ് സബ്കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നിർദേശം. ഇന്ത്യൻ സമുദ്രമത്സ്യമേഖലയിൽ ഒരു കിലോ മീൻ പിടിക്കുമ്പോൾ പുറംതള്ളുന്ന കാർബൺ വാതകങ്ങൾ ആഗോള ശരാശരിയേക്കാൾ 17.7 ശതമാനം കുറവാണ്. കാർബൺ വാതകങ്ങൾ പിടിച്ചുനിർത്തുന്നതിനുള്ള കടൽപായലിൻ്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് കാലാവസ്ഥാവ്യതിയാനത്തിൻ്റെ ആഘാതം കുറക്കുന്നതിൽ നിർണായകമാണ്. കടൽപായൽ കൃഷിയും കണ്ടൽ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നവിധത്തിൽ പ്രകൃതിദത്ത ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തിൽ ഏറെ ഗുണകരമാകുമെന്നും ഇന്ത്യ വ്യക്തമാക്കി. മത്സ്യബന്ധന-മത്സ്യകൃഷി മേഖലകളിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കൽ, ഉചിതമായ ഫിഷറീസ് മാനേജ്മെന്റ്, പ്രതിരോധ ശാക്തീകരണം, കടലിലെ സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ നൈപുണ്യപരിശീലനം നൽകാൻ ഇന്ത്യ എഫ്എഒയോട് അഭ്യർത്ഥിച്ചു. സമുദ്രമത്സ്യമേഖലയിലെ ജൈവസമ്പത്തിനെകുറിച്ചുള്ള ഇന്ത്യയുടെ നിലപാടും വേദിയിൽ അവതരിപ്പിച്ചു. ജൈവവൈവിധ്യസംരക്ഷണത്തെ കുറിച്ച് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ തികഞ്ഞ ബോധവാൻമാരാണ്. ഇന്ത്യയിൽ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ രാജ്യത്തെ വന്യജീവി സംരക്ഷണ നിയമം സുപ്രധാനഘടകമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.