കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളില്‍ അനിശ്ചിതത്വം 

By: 600002 On: Jan 22, 2024, 10:38 AM

 


കാനഡ ഭവന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ തെരഞ്ഞെടുത്ത പ്രവിശ്യകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താന്‍ മിനിസ്റ്റര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് പരിധി അത്യാവശ്യമാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നു. 

പരിധി കൊണ്ടുവരുന്ന സാധ്യതകള്‍ പല തവണ ആവര്‍ത്തിച്ചിട്ടും ഇത് എത്രയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഫ്രേസര്‍ വാലി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡെയ്ല്‍ മക് കാട്ട്‌നി പറയുന്നു. പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ ചേരാന്‍ കാനഡയിലേക്ക് കുടിയേറാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് എല്ലായ്‌പ്പോഴും പരിമിതി ഉണ്ടാകും. എങ്കിലും 2024 ല്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഈ വര്‍ഷം 485,000 വിദ്യാര്‍ത്ഥികളാണ് കാനഡയിലെത്തുന്നതെന്നാണ് കണക്കുകളെന്നും കാട്ട്‌നി കൂട്ടിച്ചേര്‍ത്തു.  

തെരഞ്ഞെടുത്ത പ്രവിശ്യകളെ പരിധി ഉപയോഗിച്ച് ടാര്‍ഗറ്റ് ചെയ്യുകയാണെങ്കില്‍ അത് ഫലം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം കൂടുതല്‍ ഇടങ്ങളുള്ള മറ്റ് പ്രവിശ്യകളിലേക്ക് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കും. 

ഭവന പ്രതിസന്ധി കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസ് വര്‍ധനയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു സ്ട്രീമിലൂടെ വരുന്ന അപേക്ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ സാമ്പത്തിക ആവശ്യകത സര്‍ക്കാര്‍ ഉയര്‍ത്തിയതും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.