സ്‌ട്രെപ് എ; കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് ഒന്റാരിയോയിലെ ഡോക്ടര്‍മാര്‍ 

By: 600002 On: Jan 22, 2024, 7:41 AM

 

 

ഒന്റാരിയോയില്‍ ആറ് കുട്ടികളും ബ്രിട്ടീഷ് കൊളംബിയയില്‍ നാല് കുട്ടികളും സ്‌ട്രെപ് എ അണുബാധ ബാധിച്ച് മരിച്ചതിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഒന്റാരിയോയിലെ ഡോക്ടര്‍മാര്‍. ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കല്‍ അണുബാധ രാജ്യത്തുടനീളം വര്‍ധിച്ചുവരികയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. പ്രായമായവരെയും കുട്ടികളെയുമാണ് അണുബാധ കൂടുതലായും ബാധിക്കുന്നത്. പനിയോടൊപ്പമാണ് സാധാരണയായി അണുബാധ കണ്ടുവരുന്നതെന്ന് ബീസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വാക്‌സിനേഷന്‍ ഡയറക്ടര്‍ ഡോ. മോണിക്ക നൗസ് പറഞ്ഞു. 

തൊണ്ടയിലും ചര്‍മ്മത്തിലുമാണ് സ്‌ട്രെപ് എ അണുബാധ കാണപ്പെടുന്നത്. അണുബാധ ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അസുഖം ഭേദമാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. പാചകം ചെയ്യുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പ് കൈ കഴുകുന്നത് വഴി ബാക്ടീരിയയെ ചെറുക്കാവുന്നതാണ്. മുറിവുകള്‍ വൃത്തിയായി സൂക്ഷിക്കുക, അണുബാധയുടെ മറ്റ് ലക്ഷണങ്ങള്‍ നിരീക്ഷിക്കുക. ഇന്‍ഫ്‌ളുവന്‍സ പോലുള്ള വൈറല്‍ അണുബാധ, സ്‌ട്രെപ് എ ബാക്ടീരിയയെ ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കും. 
അതിനാല്‍ ഇന്‍ഫ്‌ളുവന്‍സ, കോവിഡ് എന്നിവയ്‌ക്കെതിരെ വാക്‌സിനേഷന്‍ എടുക്കുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തുവെന്ന് ഉറപ്പാക്കുക. 
 
20 വയസ്സിന് താഴെയുള്ളവരില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 60 കേസുകള്‍ ഉണ്ടായിട്ടുണ്ട്. കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയുമാണ് ബാക്ടീരിയ കൂടുതലായി ബാധിക്കുന്നതെന്നും നൗസ് കൂട്ടിച്ചേര്‍ത്തു.