ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മാൻ സിംങിന് സ്വർണം

By: 600021 On: Jan 22, 2024, 5:48 AM

ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പ് 2024 ൽ ഇന്ത്യയുടെ മാൻ സിംഗ് സ്വർണ്ണ മെഡൽ നേടി. രണ്ട് മണിക്കൂർ 14 മിനിറ്റ് 19 സെക്കൻഡ് എന്ന മികച്ച സമയത്തോടെയാണ് 34 കാരനായ ഇന്ത്യൻ മാരത്തൺ ഓട്ടക്കാരൻ പുരുഷ വിഭാഗത്തിൽ മെഡൽ നേടിയത്. 65 സെക്കൻഡിൻ്റെ സമയ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരനായ ചൈനയുടെ ഹുവാങ് യോങ്‌ഷെങിനെ സിംഗ് അനായാസം തോൽപിച്ചത്. കിർഗിസ്ഥാൻ്റെ ടിയാപ്കിൻ ഇല്യ 2:18:18 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തി. 2023ലെ മുംബൈ മാരത്തണിൽ 2:16:58 എന്നതായിരുന്നു മാൻ സിങ്ങിൻ്റെ മുൻ വ്യക്തിഗത മികച്ച പ്രകടനം. 2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തിൻ്റെ ഭാഗമായിരുന്നു മാൻ സിംഗ്, മാരത്തൺ ഇനത്തിൽ 2:16:59 സമയത്തിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വനിതകളിൽ ഇന്ത്യയുടെ അശ്വിനി ജാദവ് 2:56:42 ൽ എട്ടാം സ്ഥാനത്തും ജ്യോതി ഗവാട്ടെ 3:06:20 ൽ 11ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പാരീസ് 2024 ഒളിമ്പിക്സിനുള്ള വനിതാ മാരത്തണിൻ്റെ പ്രവേശന നിലവാരം 2:26:50 ആണ്.