ഒന്റാരിയോ ഫുള്‍ഫില്‍മെന്റ് സെന്ററില്‍ ഫയര്‍ അലാറമിന് പിന്നാലെ കൊടുംതണുപ്പില്‍ നില്‍ക്കേണ്ടി വന്ന ആമസോണ്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

By: 600002 On: Jan 20, 2024, 11:09 AM

 

 


ഒന്റാരിയോയിലെ ടാല്‍ബോട്ട്‌വില്ലെയിലെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ലേബര്‍ മിനിസ്ട്രി അന്വേഷണം ആരംഭിച്ചു. സെന്ററിലെ ഫയര്‍ അലാറമുണ്ടായതിനെ തുടര്‍ന്ന് ഫുള്‍ഫില്‍മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് പുറത്ത് കൊടുംതണുപ്പില്‍ അരമണിക്കൂറോളം നില്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം സെന്ററിനകത്തേക്ക് തിരിച്ചെത്തിയ ജീവനക്കാരന്‍ ഏകദേശം ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 50 വയസ്സ് പ്രായമുള്ള പൗലോ ഡിസൂസ ബെസെറ എന്നയാളാണ് മരിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. 

അതിശൈത്യം അനുഭവപ്പെട്ട ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മിഡില്‍സെക്‌സ്-ലണ്ടന്‍ ഹെല്‍ത്ത് യൂണിറ്റ് വെതര്‍ അലേര്‍ട്ട് നല്‍കിയിരുന്നു. തണുപ്പ് -22 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാമെന്നും അറിയിച്ചിരുന്നു. രാത്രി 11.10 നാണ് അലാറം മുഴങ്ങിയതെന്ന് ആമസോണ്‍ വ്യക്തമാക്കി. ഉടന്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചു. എന്നാല്‍ 11.27 ന് തന്നെ കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ജീവനക്കാരെ അനുവദിച്ചിരുന്നു. ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നല്‍കുന്ന കമ്പനി ജീവനക്കാര്‍ക്ക് വാം വെതര്‍ കിറ്റ് നല്‍കിയാണ് ഒഴിപ്പിച്ചത്. എന്നാല്‍ തിരികെ സെന്ററിലേക്ക് കയറി 45 മിനിറ്റിന് ശേഷം ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായതെന്ന് കമ്പനി വിശദീകരിച്ചു. 

മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തോടൊപ്പമാണെന്നും മരണകാരണം വ്യക്തമല്ലെങ്കിലും ജോലിയുമായി ബന്ധപ്പെട്ടുണ്ടായതാണെന്ന് കരുതുന്നില്ലെന്നും ആമസോണ്‍ അധികൃതര്‍ പ്രതികരിച്ചു.