റെഫ്യൂജി ക്ലെയ്മിനായി ബീസി വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ എണ്ണം ഇരട്ടിയായി 

By: 600002 On: Jan 20, 2024, 9:48 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ വിമാനത്താവളങ്ങളില്‍ റെഫ്യൂജി ക്ലെയ്മിനായി എത്തുന്നവരുടെ എണ്ണം 2022 നെ അപേക്ഷിച്ച് 2023 ല്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിന് മുമ്പുള്ള കണക്കാണിത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ കണക്കനുസരിച്ച് 2023 ജനുവരി മുതല്‍ നവംബര്‍ വരെ 630 യാത്രക്കാര്‍ പ്രവിശ്യയിലെ വിമാനത്താവളങ്ങളില്‍ റെഫ്യൂജി ക്ലെയ്മുകള്‍ക്കായി അപേക്ഷിച്ചു. 2022 ല്‍ 350 പേരുടെ അപേക്ഷകളാണ് പ്രോസസ് ചെയ്തത്. പാന്‍ഡെമിക്കിന് മുമ്പ് 2019 ല്‍ 335 പേര്‍ക്കും ക്ലെയ്മുകള്‍ നല്‍കി. 

2023 ജനുവരിക്കും നവംബറിനും ഇടയില്‍ ക്യുബെക്കില്‍ 23,245 ക്ലെയ്മുകള്‍ പ്രോസസ് ചെയ്തതോടെയാണ് കാനഡയിലുടനീളം ക്ലെയ്മുകള്‍ വര്‍ധിക്കാനിടയായത്. ആഗോള സാമ്പത്തിക, സാമൂഹിക പ്രതിസന്ധി, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ തുടങ്ങിയവയാണ് അഭയാര്‍ത്ഥികള്‍ കൂടുതലായി എത്താന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ സേഫ് തേര്‍ഡ് പാര്‍ട്ടി എഗ്രിമെന്റും അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. 

എല്ലാ അഭയാര്‍ത്ഥികള്‍ക്കും കനേഡിയന്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ സപ്പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ പലരും ഉടന്‍ ക്ലെയ്മുകള്‍ക്കായി അപേക്ഷിക്കുന്നുവെന്ന് കിന്‍ബ്രേസ് റെഫ്യൂജി ഹൗസിംഗ് ആന്‍ഡ് സപ്പോര്‍ട്ടിലെ എന്‍ഗേജ്‌മെന്റ് ഡയറക്ടര്‍ ലോറന്‍ ബാലിസ്‌കി പറയുന്നു.