ഫ്രൂട്ട് ജ്യൂസ് നല്ലത് തന്നെ, എന്നാല്‍ ശരീര ഭാരം വര്‍ധിപ്പിക്കും: പഠനം 

By: 600002 On: Jan 20, 2024, 8:41 AM

 

 


ഫ്രൂട്ട് ജ്യൂസ് കുടിക്കാന്‍ ഇഷ്ടമുള്ളവരാണ് മിക്കവരും. എന്നാല്‍ അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അമിത വണ്ണമുണ്ടാക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. തടി കുറയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരിക്കലും ഫ്രൂട്ട് ജ്യൂസ് ഗുണം ചെയ്യില്ലെന്ന് പഠനത്തില്‍ പറയുന്നു. ജാമാ പീഡിയാട്രിക്‌സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

എല്ലാ ദിവസവും ഒരു ഗ്ലാസില്‍ നൂറ് ശതമാനവും ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ചെറിയ തോതില്‍ വണ്ണം വെക്കാനിടവരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷുഗര്‍ ചേര്‍ക്കാത്ത ജ്യൂസിനെയാണ് 100 ശതമാനം ഫ്രൂട്ട് ജ്യൂസ് എന്ന് പറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷകര്‍ അവലോകനം നടത്തിയത്. പതിനൊന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഓരോ എട്ട് ഔണ്‍സ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബോഡി മാസ് ഇന്‍ഡെക്‌സില്‍ വര്‍ധനവ് വരുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. 

ജ്യൂസ് കുടിക്കുന്നത് തീരെ ഒഴിവാക്കണം എന്നല്ല മറിച്ച്, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജ്യൂസിന്റെ അളവ് കുറയ്ക്കുന്നതാവും അഭികാമ്യമെന്ന് ഗവേഷകര്‍ പറയുന്നു. ജ്യൂസിലടിങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാവാം വണ്ണം വയ്ക്കുന്നതിന് കാരണമെന്നാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. പഴങ്ങളിലുള്ളത് പോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതിനാല്‍ അവ കുടിയ്ക്കുമ്പോള്‍ വയറുനിറഞ്ഞ അവസ്ഥ അനുഭവപ്പെടാതിരിക്കുകയും കൂടുതല്‍ കുടിക്കുകയും ചെയ്യും. ഇതാവാം വണ്ണം വയ്ക്കാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.