വനിതാ സംരംഭകർ സഹ സ്ത്രീകളെ ശാക്തീകരണത്തിൽ പിന്തുണയ്ക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

By: 600021 On: Jan 20, 2024, 5:52 AM

വനിതാ സംരംഭകർ മാറ്റത്തിൻ്റെ തുടക്കക്കാരാണെന്നും ഇന്ത്യൻ ബിസിനസ്സ് അന്തരീക്ഷത്തെ അവർ മാറ്റിമറിച്ചെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. പ്രമുഖ സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും സ്ഥാപകരും സഹസ്ഥാപകരുമായ ഒരു കൂട്ടം സ്ത്രീകളുമായി രാഷ്ട്രപതി ഭവനിൽ സംവദിക്കുകയായിരുന്ന രാഷ്‌ട്രപതി, രാജ്യത്തെ യുവാക്കളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'സ്റ്റാർട്ട്-അപ്പ് ഇന്ത്യ' പരിപാടി ആരംഭിച്ചതെന്ന് ഊന്നിപ്പറഞ്ഞു. രാജ്യത്തെ സംരംഭക അന്തരീക്ഷം ശക്തിപ്പെടുത്തുക, ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക അവരുടെ സംഭാവനകൾ തിരിച്ചറിയുക എന്നിവ ലക്ഷ്യമിട്ടുള്ള "പ്രസിഡന്റ് വിത്ത് ദി പീപ്പിൾ" എന്ന സംരംഭത്തിന് കീഴിലാണ് യോഗം നടന്നത്. 'സ്റ്റാർട്ട്-അപ്പ് ഇന്ത്യ' എന്ന ലക്ഷ്യം കൈവരിക്കാൻ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വനിതാ സംരംഭകരെ രാഷ്ട്രപതി അഭിനന്ദിച്ചു. അവരെപ്പോലുള്ള യുവാക്കളുടെ നൂതനമായ പരിശ്രമങ്ങൾ കാരണം, ഏകദേശം ഒരു ലക്ഷത്തി പതിനേഴായിരം സ്റ്റാർട്ടപ്പുകളും നൂറിലധികം യൂണികോണുകളുമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യക്കുള്ളതെന്ന് രാഷ്‌ട്രപതിപറഞ്ഞു.