എംപ്ലോയ്‌മെന്റ് സ്‌കാം: ഒന്റാരിയോ സ്വദേശിനിക്ക് 5000 ഡോളര്‍ നഷ്ടമായി 

By: 600002 On: Jan 19, 2024, 12:18 PM

 

 


വ്യാജ തൊഴില്‍ പരസ്യങ്ങളോട് പ്രതികരിച്ച ഒന്റാരിയോ സ്വദേശിനിക്ക് 5000 ഡോളറിലധികം പണം നഷ്ടമായതായി പരാതി. തന്റെ രണ്ട് കുട്ടികളെ വളര്‍ത്തുന്നതിനായി അധികം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയാണ് തൊഴിലിനായി അന്വേഷണം ആരംഭിച്ചതെന്ന് സ്‌കാര്‍ബറോയില്‍ താമസിക്കുന്ന അമന്‍ദീപ് ഗില്‍ പറയുന്നു. സ്‌കൂള്‍ ബസില്‍ ഡ്രൈവറായ താന്‍ മറ്റൊരു ജോലിക്ക് കൂടി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വാന്‍കുവറില്‍ നിന്നും മാറുകയാണെന്നും തങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി ഒരാളെ ആവശ്യമുണ്ടെന്നും അറിയിച്ച് അപരിചിതന്‍ തന്നെ ബന്ധപ്പെട്ടതായി ഗില്‍ പറഞ്ഞു. 

ഗില്ലിനെ വിശ്വസിപ്പിക്കാനായി തട്ടിപ്പുകാര്‍ കുടുംബഫോട്ടോയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഫോട്ടോകള്‍ അയച്ചുകൊടുത്തു. അവര്‍ എത്തുന്നതിന് മുമ്പ് അവരുടെ ചെലവുകള്‍ക്കായി ചെക്കുകള്‍ അയക്കാമെന്ന് പറഞ്ഞു. അവരുടെ യാത്രാ ചെലവുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കും പണം നല്‍കിയ ശേഷം ചെക്കുകള്‍ ബൗണ്‍സ് ആയെന്നും തന്റെ പക്കല്‍ നിന്ന് 5,120 ഡോളര്‍ നഷ്ടമായെന്നും ഗില്‍ പറഞ്ഞു. താന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണമാണെന്നും അത് തനിക്ക് തിരിച്ചുവേണമെന്നും ഗില്‍ പറഞ്ഞു. 

ഇത്തരത്തില്‍ നിരവധി പേരാണ് തൊഴില്‍ പരസ്യങ്ങള്‍, അപേക്ഷകള്‍ എന്നിവയുടെ രൂപത്തില്‍ തട്ടിപ്പുകള്‍ക്കിരയാകുന്നതെന്ന് കനേഡിയന്‍ ആന്റി ഫ്രോഡ് സെന്റര്‍ പറയുന്നു. ഓരോ വര്‍ഷവും വ്യാജ തൊഴില്‍ അപേക്ഷകളില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. 2022 ല്‍ 7,218,534 ഡോളറാണ് നഷ്ടപ്പെട്ടതെങ്കില്‍ 2023 ല്‍ 27,682,309 ഡോളറാണ് നഷ്ടമായത്.