മാര്‍ച്ച് മാസത്തിന് മുമ്പ് പതിനായിരക്കണക്കിന് ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ കാനഡയിലെത്തുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Jan 19, 2024, 11:11 AM

 

 

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ക്കുള്ള അടിയന്തര വിസ മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് പതിനായിരക്കണക്കിന് ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ കാനഡയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി സെറ്റില്‍മെന്റ് ഏജന്‍സികള്‍ തയാറാകുന്നതായാണ് വിവരം. കാനഡയില്‍ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ഉക്രേനിയക്കാര്‍ക്കായി 2022 മാര്‍ച്ച് മുതല്‍ ഫെഡറല്‍ സര്‍ക്കാര്‍ 936,293 താല്‍ക്കാലിക എമര്‍ജന്‍സി വിസകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 28 വരെ മൊത്തം 210,178 പേര്‍ കാനഡയിലേക്ക് കുടിയേറിയതായാണ് കണക്കുകള്‍. 

90,000 ത്തിലധികം എമര്‍ജന്‍സി വിസ ഉടമകള്‍ സമയപരിധിക്ക് മുമ്പായി കാനഡയിലെത്താന്‍ ആലോചിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെയും ഓപ്പറേഷന്‍ ഉക്രെയ്ന്‍ സേഫ് ഹാവന്റെയും പ്രീ-അറൈവല്‍ സര്‍വേ പറയുന്നു. ഇത് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഉക്രേനിയന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

2022 ല്‍ റഷ്യ ഉക്രെയ്‌നില്‍ പൂര്‍ണമായ അധിനിവേശം ആരംഭിച്ചപ്പോള്‍ ദശലക്ഷകണക്കിന് ആളുകള്‍ സുരക്ഷയ്ക്കായി രാജ്യം വിട്ടു. പുതിയ എമര്‍ജന്‍സി വിസ പ്രോഗ്രാമിലൂടെ പരിധിയില്ലാത്ത എണ്ണം ഉക്രേനിയക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാതിലുകള്‍ തുറന്നുകൊടുക്കുന്ന അസാധാരണമായ സമീപനമാണ് കാനഡ സ്വീകരിച്ചത്.