ഓവര്‍ഡോസ് റിസ്‌ക്: ടെവ കാനഡയുടെ കുട്ടികള്‍ക്കുള്ള പനിക്കും വേദനയ്ക്കുമുള്ള മരുന്ന് തിരിച്ചുവിളിച്ചു 

By: 600002 On: Jan 19, 2024, 9:14 AM

 

 


കാനഡയിലെ മരുന്ന് ഉല്‍പ്പാദന കമ്പനി ടെവ കാനഡയുടെ കുട്ടികള്‍ക്കുള്ള പനിക്കും വേദനയ്ക്കുമുള്ള മരുന്ന് തിരിച്ചുവിളിച്ചതായി ഹെല്‍ത്ത്കാനഡ അറിയിച്ചു. അളവില്‍ കൂടുതല്‍ അസറ്റാമിനോഫെന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെവ കാനഡയുടെ പീഡിയാട്രിക്‌സ് അസറ്റാമിനോഫെന്‍ ഓറല്‍ സൊല്യൂഷന്‍ തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. സാധാരണ ഉല്‍പ്പന്ന പരിശോധനയില്‍ അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ അസറ്റാമിനോഫെന്‍ സാന്നിധ്യം മരുന്നുകളില്‍ കണ്ടെത്തിയതായി ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തു. 

185 മില്ലിഗ്രാം മരുന്നിന്റെ കുപ്പികളില്‍ 5 മില്ലിഗ്രാം അസറ്റാമിനോഫെന്‍ അടങ്ങിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ അസറ്റാമിനോഫെന്‍ അടങ്ങിയ മരുന്ന് കഴിക്കുന്നതിലൂടെ കുട്ടികളില്‍ ഓക്കാനം, ഛര്‍ദ്ദി, അലസത, വിയര്‍പ്പ്, വിശമില്ലായ്മ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. മരുന്ന് ഉപയോഗിച്ചവരില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഹെല്‍ത്ത് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ടെവ കാനഡ കസ്റ്റമര്‍ കെയറില്‍ 1-800-268-4129 എന്ന നമ്പറില്‍ അറിയിക്കുകയോ വേണമെന്ന് അധികൃതര്‍ അറിയിച്ചു.